കർഷകരെ കരയിച്ച് കൊളുത്തായി മലയിലെ മണ്ണിടിച്ചിൽ; ഇനി എന്ന് തീരാനാണ് ഈ ദേശത്തെ കർഷകരുടെ ദുരിതം….?

By | Thursday August 22nd, 2019

SHARE NEWS

പാനൂരിന്റെ കിഴക്കൻ മേഖലയിൽപ്പെട്ട
കൊളുത്തായി മല ഒരു കാലത്ത് പച്ചപ്പു നിറഞ്ഞ തലയെടുപ്പുള്ള കാഴ്ചകളിലൊന്നായിരുന്നു. രാഷ്ട്രീയക്കാരുടെ വായടച്ച് റവന്യു ഉദ്യോഗസ്ഥരെ വരിഞ്ഞു കെട്ടി മലകയറിയെത്തിയ ക്വാറി മാഫിയയുടെ ഇടപെടൽ കാരണം കണ്ണീരു കുടിക്കുകയാണ് മലയിലെ താഴ് വരയിലെ കർഷകർ. കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായി എന്ന വാർത്ത മാത്രമെ പുറം ലോകമറിഞ്ഞുള്ളൂ.പിറ്റേ ദിവസം മഴ തെല്ലെന്നു ശമിച്ച ശേഷം പോയി തഴ് വരയിലെത്തിയവർ അക്ഷരാർത്ഥത്തിൽ നടുങ്ങി.മലയ്ക്ക് താഴ്‌വരയിലുള്ള വയൽ ഉൾപ്പെടെയുള്ള പ്രദേശം മണ്ണും ഉരുളൻ കല്ലുകളും നിറഞ്ഞ് പാടെ നികന്നു പോയിരിക്കുന്നു. തണ്ണിർക്കുണ്ട് തോട്  പൂർണമായും ഇല്ലാതായി വെള്ളം ചിതറി ഒഴുകുന്നു.  പടിഞ്ഞാറോട്ട് ദിശമാറി വന്നിരുന്നെങ്കിൽ നിരവധി കൃഷിഭൂമിയും, പൊയിലൂർ മുത്തപ്പൻ മoപ്പുരയും ഇല്ലാതാകുമായിരുന്നു. സമീപത്തെ പെരുവം വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്ന ഊരാളിയതിൽ ബാബുവും മകൻ ബജീഷും മഴ വിതച്ച ദുരിതത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല. എട്ടാം തിയ്യതി യുണ്ടായ ശക്തമായ മഴയിലാണ് രാത്രിയിൽ പാനൂരിന്റെ കിഴക്കൻ മേഖലയായ പൊയിലൂർ കൊളുത്തായി മലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനോടൊപ്പം മലയുടെ മറ്റൊരു ഭാഗത്തെ ആനപാറ കരിങ്കൽ ക്വാറിയിൽ സൂക്ഷിച്ച കല്ലുകളും മലവെള്ളത്തോടൊപ്പം താഴോട്ടു പതിച്ചതോടെ താഴ് വരയിലെ ഇരുപതേക്കറോളം കൃഷിയിടവും തണ്ണീർ കുണ്ട് തോടും സമീപ പ്രദേശങ്ങളും പൂർണമായും മണ്ണിനടിയിലായി. ജനവാസമില്ലാത്ത പ്രദേശമായത് കൊണ്ടു മാത്രമാണ് വൻ ദുരന്തങ്ങൾ വഴി മാറിയത്. തണ്ണീർ കുണ്ട് തോട് ഇല്ലാതായി വെള്ളം പരന്ന് ഒഴുകാൻ തുടങ്ങിയതോടെ കൃഷി ആവശ്യങ്ങൾക്ക് ഇതിൽ നിന്നും ഒഴുകുന്ന വെള്ളത്തെ ആശ്രയിക്കുന്ന പെരുവം വയലിലെ കർഷകർ ജെസിബി ഉപയോഗിച്ച് ഭീമൻ ഉരുളൻ കല്ലുകളും മണ്ണും മാറ്റിയും, ഇതര സംസ്ഥാന തൊഴിലാളികളെ വരെ ഉപയോഗിച്ചും തോടിനെ പുനർനിർമ്മിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.  പെരുവംവയലിൽ പത്തേക്കറോളം വരുന്ന നെൽകൃഷി നശിക്കാതിരിക്കണമെകിൽ കൊളുത്തായി മലയിൽ നിന്നും ഒഴുകി വരുന്ന വെള്ളം തണ്ണീർകുണ്ട് തോട് വഴി ഈ വയിലിൽ എത്തിക്കുക എന്നത് മാത്രമാണ് പെരുവം വയൽ കർഷകരുടെ മുന്നിലുള്ള ഏക വഴി.എന്നാൽ വർഷത്തിൽ മൂന്ന് തവണകളായി കൊയ്ത്തുൽസവം നടക്കുന്ന അയോലകണ്ടം കൃഷിഭൂമി പൂർണമായും കൃഷി യോഗ്യമല്ലാത്ത വിധം ഉരുളൻ കരിങ്കൽ കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ഭാഗങ്ങൾ ശുചീകരിച്ചു കൃഷിയോഗ്യമാക്കുക എന്നത് അസാധ്യമാണെന്നും കർഷകർ ഉറപ്പിച്ചു പറയുന്നു. എത്ര ശ്രമിച്ചാലും പൂർവ്വസ്ഥിതിയിൽ പുന: സൃഷ്ടിക്കാൻ സാധിക്കാത്ത വിധത്തിൽ മഹാപ്രളയം കാരണം പാനൂരിലെ കിഴക്കൻ മേഖലയിലെ  ഒരു പ്രദേശം മുഴുവൻ മാറി കഴിഞ്ഞിരിക്കുകയാണെന്നത് അവിശ്വസനീയമായ , കണ്ടറിഞ്ഞാൽ മാത്രം ബോധ്യമാകുന്ന യാഥാർത്ഥ്യമാണ്. പ്രളയത്തിനിപ്പുറം 12 ദിവസം തികയും മുമ്പ് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയ സംസ്ഥാന സർക്കാറിന്റെ നടപടിയിലൂടെ ഇനിയും ഭീതിയുടെ ദിനങ്ങൾ തന്നെയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് പൊയിലൂരുകാർ തിരിച്ചറിഞ്ഞു കഴിഞ്ഞു..

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read